കേരള സമൂഹം, ഷോവനിസം, സന്തോഷ്‌ പണ്ഡിറ്റ്‌, സിനിമ

ഭ്രാന്ത്‌: ചികില്‍സ വേണ്ടത് സന്തോഷ്‌ പണ്ഡിറ്റിനോ അതോ അയാളെ സൃഷ്ടിച്ച പ്രേക്ഷകര്‍ക്കോ?


(സ്വന്തം സൌന്ദര്യം മാത്രം ആസ്വദിച്ചു, പൊയ്കയില്‍ വീണു മരിച്ച നാര്‍സിസ്സസിന്റെ മരണ ശേഷം, പൊയ്കയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട വനദേവത, കണ്ണീര്‍ വാര്‍ക്കുന്ന പൊയ്കയോട് ചോദിച്ചു: നാര്‍സിസ്സസ് സുന്ദരനായിരുന്നോ? ഒരു നിമിഷത്തെ മൌനത്തിനു ശേഷം പൊയ്ക മറുപടി പറഞ്ഞു: “ഞാന്‍ നാര്‍സിസ്സസിനെയോ അയാളുടെ സൌന്ദര്യത്തെയോ ശ്രദ്ധിച്ചിരുന്നില്ല, പൊയ്കയിലേക്ക് നോക്കിക്കൊണ്ടിരുന്ന അയാളുടെ കണ്ണുകളുടെ അഗാധ നീലിമയില്‍ , ഞാന്‍ എന്റെ തന്നെ പ്രതിബിംബം ആസ്വദിക്കുകയായിരുന്നു, എന്നും.”  – Paulo Coelho, The Alchemist)

പണ്ഡിത ചരിതങ്ങള്‍ക്ക് വിരാമമില്ല!. ഇന്നലെ മനോരമ ന്യൂസിന്റെ ‘നിയന്ത്രണ രേഖ’ എന്ന പരിപാടിയില്‍ പങ്കെടുത്തു സന്തോഷ്‌ പണ്ഡിറ്റ്‌ ‘താനാണ് സൂപ്പര്‍ സ്റ്റാര്‍ ‘ എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍ ആ പരിപാടിയില്‍ പങ്കെടുത്ത നടന്‍ ബാബുരാജും ടീമും അയാളുടെ മേല്‍ കുതിര കയറാനാണ് ശ്രമിച്ചത്‌. എന്നാലും ആ പരിപാടിയിലെ ഒരു കമന്റ് പരിഗണനയര്‍ഹിക്കുന്നു. ഒന്ന് ബാബുരാജിന്റെതാണ്. പരിപാടിയിലെത്തിയ ഡോക്ടറോട് ‘സാറേ ഇയാള്‍ക്ക് ഭ്രാന്താണോ?’ എന്നാണ് ചോദിച്ചത്.

സന്തോഷ്‌ പണ്ഡിറ്റിനെ സൃഷ്ടിച്ച പ്രേക്ഷകരും ഭ്രാന്തും.
അറിയാതെ സംഭവിച്ചതാണെങ്കിലും, സന്തോഷ്‌ പണ്ഡിറ്റിന്റെ പ്രേക്ഷകരുടെ യഥാര്‍ത്ഥ പരിചേദം ആ പരിപാടിയില്‍ പങ്കെടുത്തവരിലുണ്ടായിരുന്നു. ഒരു വിഭാഗം സന്തോഷ്‌ പണ്ഡിറ്റിനു ഭ്രാന്താണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും, അയാളെ തെറിവിളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ്. നടന്‍ ബാബുരാജ് ഇവരില്‍ പെടുന്നു. മറ്റൊരു വിഭാഗം അയാളെ പരിഹസിക്കുകയും, പുകഴ്ത്തലെന്ന വ്യാജേന  അപഹസിക്കുകയും ചെയ്യുന്നവരാണ്. സംവിധായകന്‍ നിഷാദ്‌ ഇക്കൂട്ടരില്‍ പെടുന്നു.  ഇക്കൂട്ടരാണ്, അയാളുമായുള്ള മൊബൈല്‍ സംഭാഷണങ്ങള്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്.

സന്തോഷ്‌ പണ്ഡിറ്റിന്റെ പ്രേക്ഷകരെക്കുറിച്ച് ഉയര്‍ന്നു വന്ന വാദഗതികള്‍ പ്രധാനമായും രണ്ടാണ്.
1.  ഇത് മലയാള സിനിമയുടെ നിലവാര തകര്‍ച്ചയില്‍ നിന്നും ഉടലെടുത്ത പ്രതിഷേധമാണ്.
2. ആളുകള്‍ അയാളെ തെറി വിളിക്കാന്‍ വേണ്ടി മാത്രം കയറുന്നതാണ്.

ആരാണ് യഥാര്‍ത്ഥത്തില്‍ അയാളുടെ സിനിമയ്ക്ക് കയറിയത്? നിലവാരമുള്ള സിനിമകള്‍ ആഗ്രഹിക്കുന്നവരാണോ? യഥാര്‍ത്ഥത്തില്‍ അല്ല. യൂട്യൂബിലും മറ്റുമുള്ള അയാളുടെ വീഡിയോകള്‍ കണ്ടിട്ട് അതിനടിയില്‍ തെറികള്‍ എഴുതി അതില്‍ മതിവരാത്തവരാണ് തീയേറ്ററുകളില്‍  അതൊരു ആഘോഷമാക്കി മാറ്റിയത്.   ഇക്കൂട്ടരാണ് താരങ്ങളെ സൃഷ്ടിച്ചു വിഗ്രഹാരാധന നടത്തുന്നത്, എതിരാളിയുടെ പടങ്ങള്‍ കൂവിത്തോല്പ്പിക്കുന്നത്.  ഒരുത്തനെ തെറിവിളിച്ചത്തിലൂടെ കിട്ടുന്ന സാഡിസ്റ്റിക്  ആനന്ദത്തിനു വേണ്ടി അമ്പതു രൂപ മുടക്കാന്‍ തയ്യാറായ ഇവര്‍ , കേരളത്തിലെ അഭ്യസ്തവിദ്യരായ  യുവാക്കളുടെ പ്രതിനിധികളാണെന്ന് ഓര്‍ക്കണം. അപകടകരമാം വിധം കേരള സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പുരുഷാധിപത്യ (male chauvinistic) മനോഭാവത്തിന്റെ നേര്‍ വക്താക്കളാണിവര്‍ . സന്തോഷ്‌ പണ്ഡിറ്റിനാണോ, ഇവര്‍ക്കണോ യഥാര്‍ത്ഥത്തില്‍ ഭ്രാന്ത്?

ഇക്കൂട്ടരാണ് സിനിമാരംഗത്തെ മാടമ്പിമാരായും, രാഷ്ട്രീയ രംഗത്തെ നാക്കിനെല്ലില്ലാത്ത ഗുണ്ടാ സംഘമായും, സിനിമാശാലകളിലെ കൂവല്‍ തൊഴിലാളികളായും  നമ്മുടെ മുന്നില്‍ അവതരിക്കുന്നത്. ഒന്നുകൂടി പറഞ്ഞാല്‍ , സൗമ്യയെ കൊന്ന ഗോവിന്ദ ചാമിയും, പെരുമ്പാവൂരില്‍ പോക്കറ്റടിക്കാരനെന്നാക്ഷേപിച്ചു ഒരു പാവപ്പെട്ട മനുഷ്യനെ മര്‍ദ്ദിച്ചു കൊന്നവരും, സൈരാ ബാനുവിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട സദാചാര പോലീസും ഇവരാണ്.  അപകടകരമാം വിധം കേരളത്തില്‍ പെരുകുന്ന സ്ത്രീ പീഡനങ്ങളുടെയും ബലാല്‍സംഗക്കേസുകളുടെ പിറകിലുള്ളതും ഇതേ മനോഭാവമുള്ളവരാണ്.  സന്തോഷ്‌ പണ്ഡിറ്റിനല്ല,  ഇവര്‍ക്കാണ് യഥാര്‍ഥത്തില്‍ ചികിത്സ വേണ്ടത്.

             ഇനി സന്തോഷ്‌ പണ്ഡിറ്റിന്റെയും മറ്റുള്ളവരുടെയും കമന്റുകള്‍ക്ക് മാറി മാറി കയ്യടിച്ചവര്‍ ! അവരാണ് സൌമ്യയുടെ കൂടെ ട്രെയിനില്‍ യാത്ര ചെയ്തിരുന്നവര്‍ . കണ്മുന്നില്‍ അനീതി നടക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതെ, എന്ത് ചെയ്യണമെന്നറിയാതെ confused ആയി നിന്നവര്‍ ! രഘുവിനെ തല്ലിക്കൊല്ലുമ്പോള്‍ കണ്ടിട്ടും മിണ്ടാതെ നിന്നവരും ഇവരാണ്.
     
            അതിനാല്‍ , സന്തോഷ്‌ പണ്ഡിറ്റിനു ഭ്രാന്തുണ്ടെങ്കിലും, ഇല്ലെങ്കിലും അയാളേക്കാള്‍ പതിന്മടങ്ങ്‌ ചികിത്സ ആവശ്യപ്പെടുന്നത് അയാളെ സൃഷ്ടിച്ച സമൂഹത്തിനാണ്.

             പണ്ഡിറ്റിനെ കാത്തിരിക്കുന്നത് ഒരു പക്ഷെ ദുരന്തമായിരിക്കാം. സ്വന്തം സൌന്ദര്യം മാത്രം നോക്കി പൊയ്കയില്‍ മുങ്ങിമരിച്ച നാര്‍സിസ്സസിനെ പോലെ അയാളും വിസ്മൃതിയിലാണ്ടു പോയേക്കാം. അതിബുദ്ധിമാന്മാര്‍ പോലും ചൂഷണം ചെയ്യപ്പെടുന്ന ഇവിടെ, അയാളെ ചൂഷണം ചെയ്യാന്‍ ചൂഷകര്‍ അവതരിച്ചേക്കാം. എന്നിരുന്നാലും,   കേരളത്തില്‍ സിനിമയില്ലതാവുകയാണെങ്കില്‍ ,  അതിനു കാരണം സന്തോഷ്‌ പണ്ഡിറ്റ്‌  ആയിരിക്കില്ല.  വിലക്കുകളിലൂടെയും, നിസ്സഹകരണങ്ങളിലൂടെയും, ദുഷ് പ്രഭുത്വത്തിലൂടെയും സിനിമാ രംഗത്തെ മാടമ്പിമാര്‍ തോണ്ടിയ ശവക്കുഴിയായിരിക്കും അത്.  പണ്ഡിറ്റ് ഒരു രോഗമല്ല, ഒരു ലക്ഷണം മാത്രമാണ്. സമൂഹത്തിന്റെ മൂടിവച്ച അപചയങ്ങള്‍ തുറന്നു കാണിക്കാനായി സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടി. സന്തോഷ്‌ പണ്ഡിറ്റ് അന്തി ക്രിസ്തുവാണെങ്കില്‍ , ഓര്‍ക്കുക, സുരഭില സുന്ദരമായ ഒരു സമൂഹത്തെ നശിപ്പിക്കാനല്ല അന്തിക്രിസ്തു അവതരിക്കുന്നത്. മറിച്ച്, ഇതിനകം തന്നെ നശിച്ചു കഴിഞ്ഞ സമൂഹത്തിന്റെ സൂചനയായിട്ടാണ്. ശുഭം!.

         

                                         
Blogography

  1. ചലച്ചിത്ര മൃഗയാ വിനോദം | ബെര്‍ളിത്തരങ്ങള്‍
  2. മനുഷ്യമൃഗങ്ങളുടെ വേട്ടമൃഗം | ബെര്‍ളിത്തരങ്ങള്‍
  3. Feel good factor for degenerates| Nishad Kaippally
  4. ഒരാള്‍ സന്തോഷ് പണ്ഡിറ്റ് ആവുന്ന വിധം|Nalamidam

Update(14/11/2011): ചില കാര്യങ്ങളില്‍ വിയോജിപ്പുകളുണ്ടെങ്കിലും, ഏറെ പ്രസക്തനെന്നു ഞാന്‍ വിശ്വസിക്കുന്ന സിനിമാ നിരൂപകനാണ് malayala.am-ലെ ബോറിസ് (അബൂ)ബക്കര്‍ . സന്തോഷ്‌ പണ്ഡിറ്റിനെയും അദ്ദേഹത്തിന്‍റെ സിനിമയെയും കുറിച്ച് അദ്ദേഹത്തിന്‍റെ നാല് ഭാഗങ്ങളായ ഒരു വിശകലനം താഴെ കൊടുത്തിരിക്കുന്നു.

  1. കൃഷ്‌ണനും രാധയും – സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നതെങ്ങനെ? (ഭാഗം – 2)
  2. കൃഷ്ണനും രാധയും: കോമാളികള്‍ നായകന്മാരും നായകന്മാര്‍ കോമാളികളും ആകുന്നത്‌
  3. പണ്ഡിറ്റ്‌ ചെയ്‌ത പുണ്യങ്ങള്‍
  4. കൃഷ്‌ണനും രാധയും മലയാളസിനിമയും


Advertisements

ചര്‍ച്ച

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: