ജയസൂര്യ, ടി.വി.ചന്ദ്രന്‍, ഡാലി, ബുനുവേല്‍, റിവ്യൂ, ശങ്കരനും മോഹനനും, സിനിമ

ശങ്കരനും മോഹനനനും (റിവ്യൂ)


>

*Caution: This review may contain spoilers.
               ഞാന്‍ പല സിനിമകളും കണ്ടിട്ടുണ്ട്. ഇന്ത്യന്‍ കച്ചവട സിനിമകള്‍ മുതല്‍ ലോക ക്ലാസ്സിക്കുകള്‍ വരെ. പക്ഷെ, ഒരു സിനിമയും തീരെ മനസ്സിലാകാതിരുന്നിട്ടില്ല. ഇതിനു മുന്‍പ് മനസിലാകാന്‍ വളരെ വിഷമിച്ച പടം ലൂയി ബുനുവേലിന്റെ (സാല്‍വഡോര്‍ ദാലിയുടെയും) Un Chien Andalou ( An Andalusian Dog) ആണ്. എന്നാല്‍ അതിനെക്കുറിച്ച് വളരെയധികം വായിച്ച ശേഷമാണ് അത് കണ്ടത് എന്നതിനാല്‍ , എനിക്ക് എന്തൊക്കയോ കുറച്ചു മനസ്സിലായി (എന്ന് ധരിക്കുന്നു). എന്നാല്‍ ‘ശങ്കരനും മോഹനനും’ എന്റെ സകല ധാരണകളും തിരുത്തി. വി.കെ.എന്‍-ന്റെ ഭാഷയില്‍ പറഞ്ഞാല്‍ സ്റ്റൂള്‍ വച്ചു കാണേണ്ട പടമാണ്. പക്ഷെ പടം കാണാന്‍ ഇറങ്ങിയപ്പോള്‍ ‘സ്റ്റൂളെടുക്കാന്‍’ വിട്ടുപോയത് കൊണ്ട് എനിക്കൊന്നും മനസിലായില്ല.എനിക്ക് മാത്രമല്ല, തീയേറ്ററിലിരുന്ന ഭൂരിഭാഗംപേര്‍ക്കും (ഒരു പക്ഷെ, മുഴുവന്‍ പേര്‍ക്കും), എന്തെങ്കിലും മനസ്സിലായോ എന്ന് ഞാന്‍ സംശയിക്കുന്നു. കഥാസാരം ഇപ്രകാരമാണ്.


              “ശങ്കരന്‍ നമ്പ്യാരും മോഹന കൃഷ്ണനും (രണ്ടും, ജയസൂര്യ) ജ്യേഷ്റാനുജന്മാരാണ്. നാല്‍പ്പത്തഞ്ചുകാരനായ ശങ്കരന്‍ നമ്പ്യാര്‍ ഒരു സ്കൂള്‍ മാഷാണ്. തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ, തന്റെ ഒരു സഹപ്രവര്‍ത്തകന്റെ സുന്ദരിയായ മകളായ, രാജലക്ഷ്മിയെ (മീര നന്ദന്‍) അയാള്‍ വിവാഹം കഴിക്കുന്നു. എന്നാല്‍ വിവാഹത്തിന്റെ പിറ്റേന്ന് തന്നെ പാമ്പുകടിയേറ്റ് അയാള്‍ മരിക്കുന്നു. ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല അയാള്‍ക്ക്‌. അതിനാല്‍ തന്നെ, മരിച്ചു കഴിഞ്ഞ ശേഷം സഹോദരനായ മോഹനകൃഷ്ണന്റെ അടുത്ത് അയാള്‍ പ്രത്യക്ഷപ്പെടുന്നു. “താനീലോകം വിട്ടു പോയിട്ടില്ലെന്നും അത് രാജലക്ഷ്മിയെ മോഹനകൃഷ്ണന്‍ അറിയിക്കണ”മെന്നുമാണ് അയാളുടെ ആവശ്യം. ഒരു ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയ മോഹനകൃഷ്ണനാണെങ്കില്‍ നടിയായ ഭാര്യ ‘ജ്യോത്സ്ന മാത്യു’വുമായി(റിമ കല്ലിങ്ങല്‍ ) അകന്നു കഴിയുകയാണ്. ആദ്യമൊക്കെ പേടിയോടെ ഒഴിഞ്ഞു മാറിയ മോഹനകൃഷ്ണന്‍, പിന്നീട് ജ്യേഷ്ഠന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നു. ഓരോ പ്രാവശ്യവും, വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമാണ് ‘ശങ്കരന്‍ നമ്പ്യാരു’ടെ വരവ്. അതില്‍ ‘ഓഫീസ് പ്യൂണ്‍ ‘ മുതല്‍ ‘ചാര്‍ളി ചാപ്ലിന്‍’ വരെയും, ‘തെങ്ങ് കയറ്റക്കാരന്‍’ മുതല്‍ ‘എസ്കിമോ’ വരെയുമുണ്ട്. എത്രയൊക്കെ ശ്രമിച്ചിട്ടും ആരും മോഹനകൃഷ്ണനെ വിശ്വസിക്കുന്നില്ല, അയാളുടെ വയസ്സായ മുത്തശ്ശി ഒഴിച്ച്. അയാളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു എന്ന് മാത്രമല്ല, ‘രാജലക്ഷ്മി’യുടെ വിവാഹം ‘സഹദേവനു’മായി (സുധീഷ്‌) ഉറപ്പിക്കുകയും ചെയ്യുന്നു. അത് തടയാനുള്ള മോഹനകൃഷ്ണന്റെയും ശങ്കരന്‍ നമ്പ്യാരുടെയും ശ്രമങ്ങള്‍ പരാജയപ്പെടുന്നു. അതിനിടയ്ക്ക്‌ പരിചയക്കാരനായ ‘ലാസറി’ന്റെ(ജഗതി ശ്രീകുമാര്‍ ) കൊലപാതകത്തിനും, ഒരു വിഷമദ്യ ദുരന്തത്തിനും മോഹനകൃഷ്ണന്‍ സാക്ഷിയാകുന്നു. അവസാനം മോഹനകൃഷ്ണന്‍ സ്വന്തം ജീവിതത്തെ കുറിച്ചോര്‍ക്കുകയും തിരിഞ്ഞു നടക്കുകയും ചെയ്യുന്നു.”


               ഒറ്റനോട്ടത്തില്‍ , മരിച്ചവരോട് നമുക്ക്‌ കുറച്ചു ചുമതലകള്‍ ഉണ്ടെന്നു ഓര്‍മിപ്പിക്കുകയാണ് ഈ ചിത്രം. ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കുകയും മരിച്ചു കഴിയുമ്പോള്‍ വീട്ടുകാരെ കുറിച്ചോര്‍ത്തു വിലപിക്കുകയും ചെയ്യുന്ന പ്രേതങ്ങള്‍ ധാരാളമുണ്ട് ഈ ചിത്രത്തില്‍ . ഇനി എനിക്ക് മനസിലാകാതെ പോയ ചിലത്.


ആരാണ് ശങ്കരന്‍ നമ്പ്യാര്‍ ?
               എനിക്ക് തോന്നിയത് ശങ്കരന്‍ നമ്പ്യാര്‍ മോഹനകൃഷ്ണന്റെ ഉള്ളില്‍ തന്നെയുള്ള ആള്‍ട്ടര്‍ഈഗോ (alter ego) ആണെന്നാണ്. അതെങ്ങനെയാണ് ഡെവലപ്പ് (Develop) ചെയ്തത് എന്നതില്‍ മാത്രമാണ് സംശയം. സ്വന്തം ചേട്ടനോട് പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ സ്നേഹം ആയിരിക്കാം അതിനു കാരണമെന്ന് തോന്നുന്നു. എന്നാല്‍ അത് മാത്രമാണോ എന്ന് ഞാന്‍ സംശയിക്കുന്നു.കാരണം, സ്വന്തം ചേട്ടന്റെ മാത്രമല്ല, ചിത്രത്തിന്‍റെ ഒരു ഘട്ടത്തില്‍ , ഒരു വര്‍ക്ക്ഷോപ്പിന്റെ മറവില്‍ ക്വട്ടെഷന്‍ സംഘത്തെ വളര്‍ത്തുന്ന ലാസറിന്റെയും (ജഗതി), വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെയും, അക്രമത്തില്‍ കൊല്ലപ്പെട്ട സഖാവിന്റെയും പ്രേതങ്ങള്‍ മോഹനനെ വേട്ടയാടുന്നുണ്ട്‌. ഒരു വസ്തുത, ഈ പ്രേതങ്ങളാരും (ശങ്കരന്‍ അടക്കം ) സ്വാഭാവിക സാഹചര്യത്തില്‍ മരിച്ചവരല്ല എന്നതാണ്. എല്ലാവരും സ്വന്തം വീട്ടുകാരെ (അല്ലെങ്കില്‍ അവരോടുള്ള ചുമതലകളെ) പറഞ്ഞാണ് മോഹനകൃഷ്ണനെ പിന്തുടരുന്നത്. സ്വന്തം കുടുംബത്തോടുള്ള ചുമതലകള്‍ താന്‍ നിറവേറ്റിയിരുന്നില്ല എന്ന കുറ്റബോധം മോഹനകൃഷ്ണന്റെ മനസ്സിലെവിടെയോ ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ സംശയിക്കുന്നു.


ശങ്കരന്‍ നമ്പ്യാരുടെ വേഷങ്ങള്‍
               മരിച്ചു കഴിഞ്ഞ ശേഷം ശങ്കരന്‍ നമ്പ്യാര്‍ മോഹനകൃഷ്ണന്റെ മുന്‍പില്‍ ഒരു 10-15 പ്രാവശ്യമെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഓരോന്നിലും വ്യത്യസ്ത വേഷങ്ങളാണ്.ഒരു പ്രാവശ്യം ‘പ്യൂണ്‍ ‘ ആണെങ്കില്‍ അടുത്ത പ്രാവശ്യം ‘കപ്യാരാ’യിട്ട് അല്ലെങ്കില്‍ തെങ്ങുകയററക്കാരനായിട്ട്,കള്ളവാറ്റുകാരനായിട്ട്, എസ്കിമോ ആയിട്ട്, അങ്ങനെ പല വേഷങ്ങളില്‍ . വേഷം പലതായിട്ടാണെങ്കിലും ആവശ്യം ഒന്ന് തന്നെയാണ്. ഞാനീ വേഷങ്ങളെ മൊത്തമായിട്ടൊന്നു അപഗ്രഥിക്കാന്‍ നോക്കിയിട്ട് പരാജയപ്പെട്ടു. എല്ലാ വേഷങ്ങളും ഓര്‍മയില്‍ നിന്നിട്ട് വേണ്ടേ?. മറ്റൊരു കാര്യം, കള്ളവാറ്റുകാരനായി ശങ്കരേട്ടന്‍ വരുമ്പോള്‍ ‘മാസ്ക്’ (Mask) ധരിച്ചു നില്‍ക്കുന്ന മൂന്നു പേരെ കാണിക്കുന്നുണ്ട്. ഇവരെയാണ് (അല്ലെങ്കില്‍, അതുപോലെയുള്ള വേഷം ധരിച്ചവരെ) പിന്നീട്, സഹദേവനെ തല്ലിക്കാന്‍ ലാസര്‍ (മോഹനകൃഷ്ണന്റെ നിര്‍ദേശപ്രകാരം) അയക്കുന്നത്. അപ്പോള്‍ അവരെ ആദ്യം കാണിച്ചതിന്റെ യുക്തി എന്താണ്? പടത്തിന്റെ തുടക്കത്തില്‍ സരമാഗുവിന്റെThe Year of the Death of Ricardo Reis” എന്ന പുസ്തകം മോഹനന്‍ വായിക്കുന്നുണ്ട്. അത് ഞാന്‍ വായിച്ചിട്ടില്ല. അതുകൊണ്ടാണോ എനിക്കൊന്നും മനസിലാവാതിരുന്നത്?.


ജ്യോത്സ്നയും മോഹനകൃഷ്ണനും തമ്മിലുള്ള ബന്ധം.
              മോഹനകൃഷ്ണനും ജ്യോത്സ്നയും തമ്മില്‍ അകന്നു കഴിയുകയാണെന്ന് ആദ്യമേ പറയുന്നുണ്ട്. എന്നാലും കൊച്ചിയില്‍ വരുമ്പോള്‍ ജ്യോത്സ്നയും മോളും മോഹന്റെ കൂടെ താമസിക്കുകയും അടുത്ത സുഹൃത്തുക്കളെ പോലെ സംസാരിക്കുകയും ചെയ്യുന്നു. (സിനിമാ നടി രേവതിയും സുരേഷ് മേനോനും അടുത്ത സുഹൃത്തുക്കളായി പിരിഞ്ഞു എന്ന് കേട്ടിട്ടുണ്ട്). അതെന്തു തരം ബന്ധം?


രാജലക്ഷ്മിയുടെ രണ്ടാം വിവാഹം.
              ഹിന്ദു മതാചാര പ്രകാരം മരണം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞു മാത്രമേ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ പാടുള്ളൂ. പക്ഷെ രാജലക്ഷ്മി അതിനു മുന്‍പേ തന്നെ രണ്ടാം വിവാഹം കഴിക്കുന്നു.   
              എന്തായാലും എനിക്കൊന്നും മനസിലായില്ലെങ്കിലും, പടം ഞാന്‍ ആസ്വദിച്ചു. അതിനു നന്ദി പറയേണ്ടത് ക്യാമറ ചലിപ്പിച്ച ‘പ്രദീപ്‌ നായരോ’ടും പശ്ചാത്തല സംഗീതം നിര്‍വഹിച്ച ‘ഐസക് തോമസ്‌ കൊട്ടുകപ്പള്ളി’യോടുമാണ്. രണ്ടും വളരെ നന്നായിട്ടുണ്ട്. ഒരു കോമഡിയായാണ് പടം ചിത്രീകരിച്ഛതെങ്കിലും, തീയറ്ററില്‍ ചിരിയുണര്‍ത്തുന്നതില്‍ പടം പരാജയപ്പെട്ടു. ജയസൂര്യ രണ്ടു കഥാപാത്രങ്ങളും തനിക്ക് കഴിയുന്നത്ര രീതിയില്‍ ചെയ്തൊപ്പിച്ചിട്ടുണ്ട്, ശങ്കരന്‍ നമ്പ്യാരുടെ വേഷപ്പകര്‍ച്ചകള്‍ പലപ്പോഴും പ്രച്ഛന്നവേഷ മത്സരമായി പോകുന്നുണ്ടെങ്കിലും!! (എത്രയായാലും, ഏതു കഥാപാത്രം ചെയ്താലും മുഖത്ത് ഒരു ഭാവം മാത്രം വരുന്ന, പ്രിഥ്വിരാജിനേക്കാള്‍ ഭേദമാണ്). മറ്റുള്ളവര്‍ക്കാര്‍ക്കും വലിയ റോളുകളൊന്നുമില്ല. സുരാജ് വെഞ്ഞാരംമൂടിനെ ഒരു ‘മനുഷ്യനാ’യി ഒരു പടത്തില്‍ കാണുന്നത് ആദ്യമായിട്ടാണ്. മീര നന്ദന്‍, റിമ കല്ലിങ്ങല്‍ , ജഗതി, കല്‍പ്പന തുടങ്ങി മെയിന്‍ സ്ട്രീം നടീ നടന്‍മാരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.


                 ഈ ചിത്രം തന്റെ ആത്മാംശം ഉള്ളതാണെന്ന് ടി.വി. ചന്ദ്രന്‍ പറയുന്നു. തന്റെ ചേട്ടന്റെയും ജോണ്‍ അബ്രഹാമിന്റെയും വിയോഗത്തില്‍ നിന്നാണ് ഈ ചിത്രത്തിന്‍റെ പിറവി. എന്തായാലും, ഇടയ്ക്കിടയ്ക്ക് ജോണ്‍ അബ്രഹാമിന്റെ ഫോട്ടോ ബാക്ക്‌ഗ്രൌണ്ടില്‍ കാണിക്കുന്നുണ്ട്. അവസാനമായി, തീയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ പിറകില്‍ നിന്നും കേട്ട കമെന്റ് : “ടി.വി. ചന്ദ്രന്‍ എന്തിനൊക്കയോ ശ്രമിച്ചിട്ടുണ്ട്, പക്ഷെ കൈവിട്ടു പോയി“.


പി.എസ് : മരണം പ്രമേയമായി വരുന്ന ടി.വി ചന്ദ്രന്റെ രണ്ടു സിനിമകളില്‍ (കഥാവശേഷന്‍, ശങ്കരനും മോഹനനും) പ്രധാന കഥാപാത്രത്തിന്റെ പേര് ‘ഗോപാലകൃഷ്ണന്‍’ എന്നാണ് (ഈ പടത്തില്‍ മോഹനകൃഷ്ണന്റെ മറ്റൊരു പേരാണ് ‘ഗോപാലകൃഷ്ണന്‍’).

Advertisements

ചര്‍ച്ച

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: